കൊച്ചി: പീഡന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. വ്യാജരേഖ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.
ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈജുവിനോടു ചുമതലയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.