പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങ് സഭാ ആസ്ഥാനമായ തിരുവല്ലയില്‍ നടത്താന്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം. സംസ്‌കാര തീയതി ഇന്ന് നിശ്ചയിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ ഭദ്രാസനാധിപന്‍ സാമുവേല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒമ്പത് അംഗങ്ങള്‍ അടങ്ങുന്ന എപ്പിസ്‌കോപ്പല്‍ ബിഷപ്പുമാരുടെ ടീമിനെ തിരഞ്ഞെടുത്തു. ടീമിന് സാമുവല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. ചൊവ്വാഴ്ച അമേരിക്കയിലെ ഡാളസില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍പ്പെട്ട കെ പി യോഹന്നാന്‍ ഡാളസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാ ആസ്ഥാനമായ തിരുവല്ലയിലെ കുറ്റപ്പുഴയില്‍ ഇന്നലെ രാത്രി സീനിയര്‍ ബിഷപ്പുമാര്‍ പങ്കെടുത്ത എപ്പിസ്‌കോപ്പല്‍ സിനഡ് ചേര്‍ന്നിരുന്നു. സിനഡിലാണ് തീരുമാനങ്ങള്‍ എടുത്തത്. അന്തരിച്ച സഭാധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌ക്കാര ചടങ്ങ് തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് നടത്താന്‍ എപ്പിസ്‌ക്കോപ്പല്‍ സിനഡില്‍ തീരുമാനമായി. അമേരിക്കയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പത്ത് ദിവസത്തിനുള്ളില്‍ സംസ്‌ക്കാര ചടങ്ങ് നടത്തും. സംസ്‌കാര ശുശ്രൂഷയ്ക്ക് ബിലീവേഴ് സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ ഭദ്രാസനാധിപന്‍ സാമുവല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കുമെന്ന് സഭ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു