തൃശ്ശൂര്‍: തൃശ്ശൂരില്‍ സിപിഐഎമ്മിനുള്ള സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതര്‍. ജില്ലയില്‍ മാത്രമായി പാര്‍ട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ കണക്ക്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നും ഇഡി വ്യക്തമാക്കി. സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയില്‍ നിന്നും ഇഡി ഇതുസംബന്ധിച്ച കണക്കുകള്‍ ആരാഞ്ഞിട്ടുണ്ട്.
ഏഴ് വസ്തുക്കള്‍ വിറ്റെന്നും ഒരു കെട്ടിടം മാത്രമാണ് ഉള്ളതെന്നുമാണ് ഇഡിക്ക് നല്‍കിയ കണക്കില്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി സ്വത്തു വിവരം ആരാഞ്ഞിരിക്കുന്നത്. പ്രാദേശികമായി പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിന് നടത്തിയ പണപ്പിരിവിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും ഇഡി ആരോപിച്ചു.
കരുവന്നൂരില്‍ പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി എം എ വര്‍ഗീസ്, മുന്‍ എംപി പി കെ ബിജു എന്നിവരെ ഇന്നും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി തിരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചിരുന്നു.