ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. ഹഷ് മണി കേസിലാണ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. ഹഷ് മണിക്കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
2006ല്‍ ഉണ്ടായ ലൈംഗികബന്ധം മറച്ച് വയ്ക്കാനായി 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കവെ ജോമി സ്‌റ്റോമിക്ക് 1.30 ലക്ഷം ഡൊണാള്‍ഡ് ട്രംപ് രേഖകളില്‍ കൃത്രിമത്വം കാണിച്ച് നല്‍കിയെന്നാണ് കേസ്. പണം കൈമാറിയത് മറയ്ക്കാന്‍ 34 ബിസിനസ് രേഖകള്‍ വ്യാജമായി തയ്യാറാക്കിയെന്നായിരുന്നു ട്രംപിനെതിരായ ഹഷ് മണിക്കേസ്.
ജോമി വിചാരണ കോടതിയില്‍ ഹാജരായി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. 2006ല്‍ ഡൊണാള്‍ഡ് ട്രംപുമായി പരിചയത്തിലായ ജോമി സ്‌റ്റോമിയെ റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് ദ അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു അക്കാലത്ത്. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെടില്ലെന്ന് മനസ്സിലാക്കിയതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ജോമിയുടെ വെളിപ്പെടുത്തല്‍.
പിന്നീട് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കാനിറങ്ങിയപ്പോള്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഈ വിവരം ചേര്‍ത്താന്‍ പുസ്തകത്തിന്റെ വില്‍പ്പനയ്ക്ക് ഗുണമാകുമെന്ന് പുസ്തകത്തിന്റെ പ്രചാരണം ഏറ്റെടുത്ത കീത്ത് ഡേവിസണ്‍ പറഞ്ഞതായാണ് ജോമി സ്‌റ്റോമി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ ഡേവിസണുമായി ഉടമ്പടി ഉണ്ടാക്കിയെന്നും അതിന്റെ ഭാഗമായി തനിക്ക് 1.30 ലക്ഷം ഡോളര്‍ ലഭിച്ചെന്നുമാണ് ജോമിയുടെ മൊഴി.
നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രംപായിരിക്കുമെന്ന് ഉറപ്പിച്ചത് പിന്നാലെയാണ് കോടതി വിധി. നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. യഥാർഥ ജനവിധി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അറിയാമെന്നായിരുന്നു ശിക്ഷാവിധിയോടുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ‘ആരും നിയമത്തിന് അതീതരല്ല’ എന്നായിരുന്നു ബൈഡന്‍റെ പ്രതികരണം.