ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണത്തിലെ രണ്ടു പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വ്യോമസേന വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചൈനീസ് സഹായത്തോടെ പാക് ഭീകരർ ആണ് പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. ചൈനീസ് നിർമിത സ്റ്റീൽ കോർ ബുള്ളറ്റുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചിട്ടുള്ളത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സൈബർ വാർഫയർ വിദഗ്ധർ കഴിഞ്ഞ ആഴ്ച പാകിസ്താൻ സൈന്യത്തിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ഡിവിഷൻ സന്ദർശിച്ചിരുന്നത് ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്.
ശനിയാഴ്ച വൈകിട്ട് പൂഞ്ചിലെ ഷാസിതാറിന് സമീപമാണ് ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ ഇന്ത്യൻ എയർഫോഴ്സ് കോർപ്പറൽ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരു ഉദ്യോഗസ്ഥന്റെ നില അതീവഗുരുതരമാണ്. ഭീകരാക്രമണത്തിലെ പ്രതികളെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീർ സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്.