• Mon. Dec 23rd, 2024

മോദി സര്‍ക്കാരിന്റെ പേടിസ്വപ്നം. ധ്രുവ് റാഠിയുടെ ഭാര്യ പാക്കിസ്ഥാന്‍ സ്വദേശിയെന്ന് സംഘ്പരിവാര്‍ അനുകൂലികള്‍; ആരോപണങ്ങളില്‍ പ്രതികരിച്ച് ധ്രുവ് റാഠി

ByPathmanaban

May 1, 2024

ഡല്‍ഹി: ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിക്കുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവില്‍ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചരണമുണ്ടായി.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് നിരന്തരം വിഡിയോകള്‍ ചെയ്യുന്ന ധ്രുവിന് യുട്യൂബില്‍ 18 ദശലക്ഷം സബ്സ്‌ക്രൈബേഴ്‌സാണ് ഉള്ളത്. ഇത്തരം വിഡിയോകള്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങള്‍ പ്രചരിച്ചത്.

”ഞാന്‍ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?”- ധ്രുവ് ചോദിച്ചു.

സര്‍ക്കാരിന്റെ നയങ്ങളും സമൂഹത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന് ചോദിച്ച് ചെയ്ത വിഡിയോയ്ക്ക് വലിയ സ്വീകരണവും വിമര്‍ശനവും ലഭിച്ചു. ലഡാക്കിനെപ്പറ്റിയും ഇലക്ടറല്‍ ബോണ്ടിനെപ്പറ്റിയും ചെയ്തവയ്ക്ക് ദശലക്ഷക്കണക്കിന് വ്യൂവര്‍ഷിപ്പാണുള്ളത്. ഏറെ വിവാദമായ ‘ദ് കേരള സ്റ്റോറി’ സിനിമയെ കുറിച്ചും ധ്രുവ് ചെയ്തത വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Spread the love

You cannot copy content of this page