• Mon. Dec 23rd, 2024

രാമനായ് റണ്‍ബീര്‍ പോര, സായ് പല്ലവി നല്ല ചോയ്‌സ്; രാമായണത്തിനെതിരെ വിമര്‍ശനം

ByPathmanaban

Apr 30, 2024

രാമായണ കഥയുടെ സിനിമാറ്റിക് വേര്‍ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സായ് പല്ലവി, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ രാമനും സീതയുമായി അഭിനയിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തായതോടെ കോസ്റ്റ്യൂമിനെ കുറിച്ചും രണ്‍ബീറിന്റെ ലുക്കിനെ കുറിച്ചുമെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത രണ്‍ബീറിന്റെ രാമന്‍ ലുക്ക് പോര എന്നാണ് അഭിപ്രായം. രാമനെ വരച്ചുവച്ചതുപോലെയുണ്ടെന്നും ഇരുവരുടെയും മേക്കപ്പും വസ്ത്രധാരണവും നന്നായിട്ടില്ല എന്നും കമന്റുകളെത്തുന്നുണ്ട്. രാമനായി രണ്‍ബീറിനെ തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നും എന്നാല്‍ സായ് പല്ലവി നല്ല ചോയ്‌സ് ആണെന്നും അഭിനയത്തിന്റെ കാര്യത്തിലും തങ്ങള്‍ക്ക് സംശയമില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘രാമായണം’. 700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ബ്രഹ്‌മാണ്ഡ ബജറ്റിന്റേതായ ഒന്നും താരങ്ങളുടെ കോസ്റ്റ്യൂമില്‍ പോലും കാണാനില്ല എന്നും വിമര്‍ശനമുണ്ട്. എന്നാല്‍ സിനിമ മുഴുവന്‍ കാണാതെ കുറച്ച് ചിത്രങ്ങള്‍ വെച്ച് മാത്രം വിലിയിരുത്തരുതെന്നാണ് സിനിമയെ പിന്തുണയ്ക്കുന്നവരുടെ പക്ഷം. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂര്‍പ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025-ല്‍ റിലീസ് ചെയ്യും.

Spread the love

You cannot copy content of this page