• Mon. Dec 23rd, 2024

ഇപി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച; പാര്‍ട്ടി നിലപാട് ആയുധമാക്കാന്‍ പ്രതിപക്ഷം

ByPathmanaban

Apr 30, 2024

തിരുവനന്തപുരം: ഇപി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം സജീവമായി നില നിര്‍ത്താന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്-ബിജെപി ബന്ധം ആരോപിക്കുന്ന ഇടതുപക്ഷത്തെ തിരിച്ചടിക്കാനുള്ള വടിയായാണ് വിഷയത്തെ കോണ്‍ഗ്രസ് കാണുന്നത്. പ്രതിപക്ഷത്തിന് മറ്റൊരായുധം നല്‍കാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് ഇപിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത്.

ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന പാര്‍ട്ടി നിലപാട് ആയുധമാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിജെപി-സിപിഐഎം രഹസ്യധാരണയെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ കരുതുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ജാവദേക്കറെ കണ്ടത് എന്തിനെന്ന ചോദ്യവും പ്രതിപക്ഷം രാഷ്ട്രീയമായി ഉയര്‍ത്തും. ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ചയിലൂടെ മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാമെന്ന വിലയിരുത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്ക്. കൂടിക്കാഴ്ചയില്‍ സിപിഐയുടെ അതൃപ്തിയും യുഡിഎഫ് ചര്‍ച്ചയാക്കും. വിവാദം രാഷ്ട്രീയ ഗൂഡാലോചനയെന്ന വാദം ഉയര്‍ത്തിയാകും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക.

ജാവദേക്കര്‍ കൂടിക്കാഴ്ചയിലും ദല്ലാള്‍ ബന്ധത്തിലും ഇപിക്കെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം. എന്നാല്‍ അത്തരം നടപടിയിലേക്ക് പോയാല്‍ അത് കൂടുതല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നിയമ നടപടിയിലൂടെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അടിസ്ഥാന രഹിതമായ ആരോപണമെന്ന നിലപാടിലുറച്ച് മുന്നോട്ടു പോകാനാണ് ഇപിയുടെയും പാര്‍ട്ടിയുടെയും തീരുമാനം.

Spread the love

You cannot copy content of this page