• Tue. Dec 24th, 2024

അനന്തുവിന്റെ മരണം;അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്

ByPathmanaban

Mar 22, 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മരണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്. നഷ്ടപരിഹാര തുക നല്‍കുന്നതില്‍ അന്തിമ തീരുമാനം വരുന്നതുവരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തീരദേശ വോട്ട് ഉറപ്പിക്കല്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

എല്ലാകാലത്തും ശശി തരൂരിനൊപ്പം നിന്ന തീരദേശ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാകും എന്നാണ് ഇത്തവണത്തെ കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. വിഴിഞ്ഞം സമരകാലത്തെ തരൂരിന്റെ നിലപാടും ഹമാസ് വിരുദ്ധ പരാമര്‍ശവും തീരദേശത്തെ സ്വാധീനിച്ചിട്ടുണ്ട്. 2019 ലും 2014 ലും തരൂരിനെ തുണച്ച തീരദേശ വോട്ടുകള്‍ ഇക്കുറി എതിരായാല്‍ അത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിജെപി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കൂടുതലായി ശ്രദ്ധ ചെലുത്തുന്നതും തീരദേശ മേഖലയില്‍ തന്നെ.

 ഈയൊരു സാഹചര്യത്തിലാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ നാട്ടുകാരുടെ നിലവിലെ വികാരത്തെ അനുകൂലമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ഏറെനാളായി പ്രദേശവാസികള്‍ ഉയര്‍ത്തുന്ന പൊതുവിഷയം തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാക്കിയാല്‍ ഒരു പരിധിവരെ എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാതെയാണ് കഴിഞ്ഞ ദിവസത്തെ യോഗം അലസിപ്പിരിഞ്ഞത്. യോഗം ബഹിഷ്‌കരിച്ച് ഇറങ്ങി പോയതിന് പിന്നാലെ തന്നെ തുടര്‍സമരങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആദ്യഘട്ടമായി നാളെ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം പോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ‘വികസനം വരണം മനുഷ്യക്കുരുതി നടക്കില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്തും പ്രസക്തി ഏറെയാണ്.

Spread the love

You cannot copy content of this page