• Mon. Jan 13th, 2025

തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്; ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി കണ്ടക്ടര്‍ സുബിന്‍

ByPathmanaban

May 6, 2024

കോട്ടയം: തിരുവനന്തപുരത്തെ ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടര്‍ സുബിന്‍. മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൊതുസമൂഹത്തില്‍ കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ താന്‍ ചെയ്യില്ലെന്നും എ.എ.റഹീം എംപിയുമായി താന്‍ സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സുബിന്‍ പറഞ്ഞു.

ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ മൊഴി നല്‍കിയെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. പിന്‍ സീറ്റില്‍ ആയതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ വച്ച് തടഞ്ഞപ്പോള്‍ മാത്രമാണ് താന്‍ സംഭവം അറിയുന്നതെന്നാണ് സുബിന്‍ മൊഴി നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.

സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസിക്ക് മൊഴി എഴുതി നല്‍കിയെന്നാണ് സുബിന്‍ പറയുന്നത്. പിറ്റേദിവസം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. തലേദിവസം എഴുതിക്കൊടുത്ത മൊഴി തന്നെയാണ് അവിടെയും പറഞ്ഞത്. ഒരു കാര്യം പോലും അധികമായി പറഞ്ഞിട്ടില്ലെന്നും സുബിന്‍ വ്യക്തമാക്കി. കണ്ട കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. സത്യമാണ് പറഞ്ഞതെല്ലാം. എനിക്കും കുടുംബത്തിനും മനസമാധാനത്തോടെ ജീവിക്കണമെന്നും ആരെയും സഹായിക്കാനും വെള്ളപൂശാനും ഇല്ലെന്നും അഭിമുഖത്തില്‍ സുബിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് സംഭവം നടക്കുന്നത്. പബ്ലിസിറ്റിയില്‍ താല്‍പര്യമില്ലാത്തത്‌കൊണ്ടും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്‌കൊണ്ടും അതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. അതിനുള്ളില്‍ നിന്നു മാത്രമേ പ്രതികരിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാത്തത്. എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാല്‍ ഉത്തരം പറയേണ്ടി വരും. ഞാന്‍ കാരണം കെഎസ്ആര്‍ടിസിക്ക് അവമതിപ്പുണ്ടാകാന്‍ പാടില്ല. മൂന്നു ദിവസമാണ് യദുവുമായി ഡ്യൂട്ടി ചെയ്തത്. പേരും സ്ഥലവും എന്താണെന്നതിനപ്പുറം വ്യക്തിപരമായി കൂടുതല്‍ അറിയില്ല.

സംഭവം നടന്നതിനു പിന്നാലെ സുബിന്‍ എ.എ.റഹീം എംപിയെ ബന്ധപ്പെട്ടത് അറിയാവുന്ന ജനപ്രതിനിധി ആയതുകൊണ്ടാണ്. സ്വാഭാവികമായും സംഭവം നടന്നയുടന്‍ അദ്ദേഹത്തെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചിട്ടുണ്ട്. വിവാദത്തിന്റെ ആവശ്യമില്ല.

Spread the love

You cannot copy content of this page