• Tue. Dec 24th, 2024

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അനില്‍ ആന്റണിയുടെ വിജയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ദല്ലാള്‍ നന്ദകുമാറിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ByPathmanaban

Apr 18, 2024

പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽകെ. ആൻ്റണിക്കെതിരേ അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന്റെ വിജയം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദല്ലാൾ നന്ദകുമാറിനെതിരേ (ടിജിഎൻ കുമാർ) തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി. കോട്ടയം കങ്ങഴ സ്വദേശി സാദിഖ് ഇബ്രാഹിമാണ് പരാതിക്കാരൻ.

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ അനിൽ ആൻ്റണിക്ക് വിജയ സാധ്യത ഏറെയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക് എന്നിവരേക്കാൾ വിജയ സാധ്യത അനിൽ കെ. ആന്റണിക്കുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഈ വിജയം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം അനിൽ കെ. ആന്റണിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നന്ദകുമാർ മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയാണ്. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നു. ഇത് അനിൽ ആന്റണി തോൽക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്. നന്ദകുമാറിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഇതേ പോലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് എതിരേ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് കർശനമായ താക്കീത് നൽകിയിരുന്നു. ഇവിടെയും അത്തരം നടപടി ആവശ്യമാണെന്ന് സാദിഖ് ഇബ്രാഹിമിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, അനിൽ കെ. ആന്റണിക്ക് എതിരായ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ദല്ലാൾ നന്ദകുമാർ പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഫോൺ വിളികളുടെ ഡീറ്റയ്ൽസും അടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് നന്ദകുമാർ പറഞ്ഞു.

Spread the love

You cannot copy content of this page