• Tue. Dec 24th, 2024

ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായിമർദ്ദിച്ച സംഭവം; കുഞ്ഞിന് വേണ്ട പരിരക്ഷ നൽകുമെന്ന് ബാലാവകാശകമ്മീഷൻ

ByPathmanaban

Apr 19, 2024

തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയെ സന്ദർശിക്കും. കുഞ്ഞിന് വേണ്ട പരിരക്ഷ നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ഷാനിബ പറഞ്ഞു. കുഞ്ഞിനെ എത്രയും വേഗം സുരക്ഷിതമായ ഇടത്തേക്ക് മാറ്റും. സമാനമായ രീതിയിൽ നിരവധി കേസുകളാണ് ദിനംപ്രതി എത്തുന്നത്. രണ്ടാനച്ഛൻ, രണ്ടാനമ്മ എന്നിവരുടെ ഉപദ്രവങ്ങളാണ് കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന കുഞ്ഞുങ്ങളെ ബാലാവകാശ കമ്മീഷൻ സംരക്ഷിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഷാനിബ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്കൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും സെക്ഷൻ 75 ചുമത്തി കേസെടുക്കണമെന്നുമാണ് കമ്മീഷന്റെ ആവശ്യം.

അതേസമയം, സംഭവത്തിൽ അമ്മ അഞ്ജനയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തത്. രണ്ടാനച്ഛൻ അനുവാണ് ഒന്നാം പ്രതി. അനുവും, അഞ്ജനയും ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. അമ്മ അഞ്ജന മർദനത്തിന് കൂട്ടുനിന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചുമാണ് രണ്ടാനച്ഛന്‍ കുട്ടിയെ ആക്രമിച്ചത്. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്.അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറഞ്ഞു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഒരുവര്‍ഷമായി രണ്ടാനച്ഛന്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധു പറഞ്ഞിരുന്നു. അമ്മയാണ് കുട്ടിയുടെ കുറ്റങ്ങള്‍ അച്ഛനോട് പറഞ്ഞ് ഉപദ്രവിപ്പിച്ചതെന്നും ബന്ധു പറഞ്ഞു.

Spread the love

You cannot copy content of this page