തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. പിതാവ് ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചില്ലെന്നും പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണകഴിഞ്ഞ ദിവസം കൊവിഡ് സമയത്ത് ഇന്ത്യയിലും മറ്റും വിതരണം ചെയ്തിരുന്ന അസ്ട്രസെനെക വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിർമ്മാതാക്കൾ തുറന്നു പറഞ്ഞിരുന്നു. മറ്റെല്ലാ ചികിത്സകളും പിതാവിന് നൽകിയിരുന്നുവെന്നും കുടുംബപരമായി എടുത്ത തീരുമാനമാണ് വാക്സിൻ നൽകേണ്ടതില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് മകനും കുടുംബവും ചികിത്സ നിഷേച്ചിരുന്നുവെന്ന ആരോപണവുമായി പ്രമുഖ ഓൺലൈൻ ചാനലായ മറുനാടൻ മലയാളി രംഗത്തെത്തിയിരുന്നു. എന്നാൽ താൻ തന്റെ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കൊവിഡ് വാക്സിൻ നിർമ്മാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞുവെന്നും തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീൽഡ് വാക്സീൻ അവതരിപ്പിച്ചത്.