ഡല്‍ഹി: ബോളിവുഡ് നടിയും മാണ്ഡിയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയര്‍ന്ന അശ്ലീല പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്. കോണ്‍ഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിര്‍, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം.
ഇത്തരം പെരുമാറ്റങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന് വനിതാ കമ്മിഷന് ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. സ്ത്രീകളോടുള്ള ബഹുമാനവും ആദരവും ഉയര്‍ത്തിപ്പിടിക്കാമെന്നും കമ്മിഷന് എക്സില്‍ കുറിച്ചു.ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ കങ്കണയും ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് കങ്കണയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചത്. എന്നാല്‍, പോസ്റ്റ് വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.
എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ടെന്ന് സുപ്രിയയ്ക്ക് മറുപടിയായി കങ്കണ എക്സില്‍ കുറിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ഒരു കലാകാരിയെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചുവരികയാണ്. എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെണ്‍കുട്ടി മുതല്‍ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തിനടത്തുന്ന സ്ത്രീവരെ, മണികര്‍ണികയിലെ ആരാധനകഥാപാത്രം മുതല്‍ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെ, റജ്ജോയിലെ വേശ്യ മുതല്‍ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു- കങ്കണ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.