• Tue. Dec 24th, 2024

മോദിയുടെ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പൊലീസ്

ByPathmanaban

Mar 20, 2024

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ്. സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസരുടെ പരാതിയിലാണ് നടപടി.

സംഭവത്തില്‍ ജില്ലാ കളക്ടറും അന്വേഷണം നടത്തുന്നുണ്ട്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്. സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂര്‍ പൊലീസ് അനുമതി നിഷേധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് റോഡ് ഷോ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.

Spread the love

You cannot copy content of this page