ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലന്‍ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകര്‍ത്തത്. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു ആക്രമണം.
വാക്കത്തിയുമായി എത്തിയായിരുന്നു ആക്രമണം. ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസില്‍ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും.