കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പൊലീസാണ് കേസെടുത്തത്.ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുന്‍ അധ്യക്ഷന്‍ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്.
‘ബംഗാളിന് വേണ്ടത് സ്വന്തം മകളെ’ എന്ന 2021 ലെ തൃണമൂലിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഘോഷ്. പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം ദിലീപ് ഘോഷില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചു. ഘോഷ് മാപ്പുപറയണമെന്ന ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസും ഉന്നയിച്ചു. പൊരുമാറ്റച്ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.