ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്നി വില്‍ക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ് എന്ന 25കാരനെയാണ് കാണാതായത്. ക്ലീവ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഐടിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് അബ്ദുള്‍ മുഹമ്മദ് വിദേശത്തേക്ക് പോയത്. ഈ മാസം ഏഴാം തിയതിയാണ് മകന്‍ തങ്ങളോട് അവസാനമായി സംസാരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് അജ്ഞാത നമ്പറില്‍ നിന്നും അബ്ദുള്‍ മുഹമ്മദിന്റെ പിതാവിന് ഫോണ്‍ വരുന്നത്. മയക്കുമരുന്ന് സംഘമാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. മകനെ വിട്ടുനല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ മകന്റെ കിഡ്നി വില്‍ക്കുമെന്നും ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞു. എന്നാല്‍, എങ്ങനെയാണ് പണം നല്‍കേണ്ടത് എന്നതിനെ കുറിച്ച് അജ്ഞാതന്‍ വ്യക്തമാക്കിയിട്ടില്ല.