• Sat. Jan 11th, 2025

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി; സുരേഷ്‌ഗോപി തൃശ്ശൂരില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും

ByPathmanaban

Apr 28, 2024

തൃശ്ശൂര്‍: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി. തൃശ്ശൂരില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ്‌ഗോപി ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം. തിരുവനന്തപുരത്തും നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല. വോട്ടുവിഹിതം 18 ശതമാനമായി വര്‍ധിക്കുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. തൃശ്ശൂരില്‍ സ്ത്രീവോട്ടര്‍മാര്‍ തുണച്ചുവെന്നാണ് കണക്കിലെ ഒന്നാമത്തെ ഘടകമായി ബിജെപിയുടെ കണക്കുകൂട്ടല്‍.

കുറഞ്ഞത് കോണ്‍ഗ്രസ് വോട്ടുകളാണെന്ന് വിശ്വസിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ആറ്റിങ്ങലില്‍ വോട്ടുവിഹിതം ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. ശോഭ സുരേന്ദ്രന്‍ 2019ല്‍ പിടിച്ച രണ്ടര ലക്ഷം മറികടന്നില്ലെങ്കില്‍ മുരളീധരന് ക്ഷീണമാകും. പാലക്കാടും പത്തനംതിട്ടയിലും മുന്നേറ്റമുണ്ടാകും. ആലപ്പുഴയില്‍ രണ്ടാമതെത്തിയാലും അത്ഭുതപ്പെടാനില്ലെന്നും നേതൃത്വം പറയുന്നു.സംസ്ഥാനത്താകെ 18 മുതല്‍ 20 വരെ വോട്ടു വിഹിതം വര്‍ധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കേരളത്തില്‍ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ബിജെപി തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളിലാണ് വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. തൃശ്ശൂരില്‍ സുരേഷ്ഗോപിയും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെയും മത്സരിപ്പിച്ച പാര്‍ട്ടി വന്‍പ്രചരണമാണ് കാഴ്ച്ചവെച്ചത്.

ഈഴവ- നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിയെ തുണച്ചു. ക്രിസ്ത്യന്‍ വോട്ടുവിഹിതത്തില്‍ ഒരു പങ്കും ചേര്‍ന്ന് 20,000ത്തിലധികം ഭൂരിപക്ഷമെന്നാണ് നിലവിലെ കണക്ക്. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുവെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. മറിച്ചാണെങ്കില്‍ കണക്ക് മാറും.തിരുവനന്തപുരത്തും കോവളം ഉള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യപ്പെട്ടില്ലെന്നാണ് ബിജെപി ആശ്വസിക്കുന്നത്. ജയിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പോളിങ് കുറഞ്ഞത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

Spread the love

You cannot copy content of this page