• Tue. Dec 24th, 2024

പക്ഷിപ്പനി ബാധ; പത്തനംതിട്ടയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ByPathmanaban

May 14, 2024

പക്ഷിപ്പനി സ്ഥിരീകരിച്ച നിരണത്തെ സര്‍ക്കാര്‍ ഫാമിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക. ഇന്ന് കള്ളിയിങ്ങ് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിരണത്തെ ഡക്ക് ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവ്, കോഴി, വളര്‍ത്ത് പക്ഷികള്‍ എന്നിവയെ കൊന്നൊടുക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനം. 5000 ത്തോളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത്.

ഒരാഴ്ച മുന്‍പാണ് തിരുവല്ല നിരണത്തെ സര്‍ക്കാര്‍ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോയെയാണ് അതിവേഗം തുടര്‍നടപടികളിലേക്ക് കടക്കുന്നത്.

ദയാവധത്തിന് ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കും. ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും.

ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിവായുവിലൂടെ രോഗം അതിവേഗത്തില്‍ പടരുന്നതിനാലാണ് രോഗബാധിച്ചവയേയും സമീപപ്രദേശങ്ങളിലെയും പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത്.

കര്‍ഷകര്‍ക്കും ഡക്ക് ഫാമിനും ഭാരിച്ച നഷ്ടമാണ് രോഗബാധ ഉണ്ടാക്കുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ പക്ഷികളെ കൊന്നൊടുക്കിയശേഷം കത്തിച്ചുകളയാനാണ് നീക്കം. തുടര്‍ന്ന് പ്രദേശത്ത് ശുചീകരണം നടത്തും. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമൊക്കെ മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഡക്ക് ഫാമില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഫാമില്‍ പുറത്തെ പക്ഷികളുമായി സമ്പര്‍ക്കം ഒഴിവാക്കാനായി താറാവുകളെ ഇപ്പോള്‍ തുറന്നുവിടുന്നില്ല. കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ ഇനത്തിലുള്ള താറാവുകളാണ് ഇവിടെയുള്ളത്. 1966ല്‍ സ്ഥാപിതമായ ഡക്ക് ഫാമിന്റെ പ്രവര്‍ത്തനം രണ്ടര ഏക്കറിലാണ്.

Spread the love

You cannot copy content of this page