കാസർഗോഡ്: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു (30), മകൾ ശ്രീനന്ദന(നാലുമാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു. തൂങ്ങിമരിക്കും മുമ്പ് ഇവർ കൈ ഞരമ്പുകൾ മുറിക്കുകയും ചെയ്തിരുന്നു.തൊടുപുഴ സ്വദേശിയായ ശരത്താണ് ബിന്ദുവിന്റെ ഭർത്താവ്. ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു രണ്ടു ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്.
6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടിനാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരിയാണ് ശരത്–ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണു ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.