• Fri. Jan 3rd, 2025

വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം; പൊലീസില്‍ പരാതി നല്‍കിയതില്‍ പ്രതികരിച്ച് ബിജു രമേശ്

ByPathmanaban

Apr 20, 2024

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെതിരെ എല്‍ഡിഎഫ് പൊലീസില്‍ പരാതി നല്‍കിയതില്‍ പ്രതികരിച്ച് വ്യവസായി ബിജു രമേശ്. തന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയില്‍ എത്തിയത്. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, അടൂര്‍ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും ബിജു രമേശ് പറഞ്ഞു.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സുരേഷിനെ കാണാന്‍ വേണ്ടിയാണ് താന്‍ കോളനിയില്‍ എത്തിയതെന്ന് രമേശ് പറഞ്ഞു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ബിജു രമേശ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബിജു രമേശില്‍ നിന്നോ വാഹനത്തില്‍ നിന്നോ പണം കണ്ടെത്താനായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരുവിക്കര സിപിഐഎം ലോക്കല്‍ സെക്രട്ടറി ആന്റണിയാണ് ബിജു രമേശിനെതിരെ പരാതി നല്‍കിയത്. ബിജു രമേശിന്റെ ഒപ്പമുള്ളവര്‍ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്നും ആന്റണിയുടെ പരാതിയിലുണ്ട്.

നേരത്തെ യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ബിജു രമേശിനെ തടഞ്ഞു വച്ചിരുന്നു. വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയില്‍ ഉള്ള തേക്കേമല കോളനിയില്‍ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടഞ്ഞത്. പിന്നാലെ അരുവിക്കര പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോളനിയില്‍ എത്തി വീടുകളിലും ബിജു രമേശിന്റെ വാഹനങ്ങളിലും പരിശോധന നടത്തി. പിന്നീട് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ ബിജു രമേശിനെ അരവിക്കര പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് സംസാരിക്കവേ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചു.

Spread the love

You cannot copy content of this page