• Tue. Dec 24th, 2024

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ്; പൊലീസ് അന്വേഷണമാരംഭിച്ചു

ByPathmanaban

Apr 14, 2024

മുംബൈ: സിനിമാതാരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെളിപ്പെടുത്തിയിരുന്നു. സല്‍മാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടല്‍ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ നിലപാട്.

ബിഷ്‌ണോയിയുടെ സംഘാംഗം സംപത് നെഹ്‌റ സല്‍മാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാന്‍ തയാറായിരുന്നെന്നും ബിഷ്‌ണോയി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്‌റയെ പിടികൂടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു. സല്‍മാനെതിരെ ഭീഷണി സന്ദേശം അയച്ച യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരെ ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു.

Spread the love

You cannot copy content of this page