ഡല്‍ഹി: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഇഡി പിടിച്ചെടുത്ത, കെജ്രിവാളിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തി നല്‍കുന്നുവെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന ശക്തമായ ആരോപണം. ഫോണില്‍ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാര്‍ട്ടി പറയുന്നു.
ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ആ ഫോണിലുണ്ട്, ഇതാണ് ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന. അല്പസമയത്തിനകം കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ വീഡിയോ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിക്കുമെന്നും അതിഷി അറിയിച്ചു.
കെജ്രിവാള് തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കസ്റ്റഡി തുടരാനായിരുന്നു കോടതി നിര്‍ദേശിച്ചത്. അതേസമയം ദില്ലിയില്‍ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളിലേക്ക് എഎപി കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.