• Thu. Jan 2nd, 2025

“മുസ്ലീങ്ങളാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്”; പ്രധാനമന്ത്രിയുടെ കൂടുതൽ കുട്ടികൾ പരാമർശത്തിന് ഒവൈസിയുടെ മറുപടി

ByPathmanaban

Apr 29, 2024

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. മുസ്ലീം സമുദായത്തെ ‘കൂടുതല്‍ കുട്ടികളുള്ളവര്‍’ എന്ന് വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദു സമൂഹത്തിനിടയില്‍ വിദ്വേഷം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. മോദി സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ പറയുന്നത് മുസ്ലീങ്ങളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് കുറഞ്ഞുവെന്നാണ്. എന്നാല്‍ ഞങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാകുമെന്ന് അവകാശപ്പെടാനാണ് ബിജെപിയും ആര്‍എസ്എസും ഈ നുണ പ്രചരിപ്പിക്കുന്നത്.” ഹൈദരാബാദില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒവൈസി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഈ പരാമര്‍ശം നടത്തിയത്.

‘ഇന്ത്യയില്‍ പുരുഷന്‍മാരില്‍ ആരെങ്കിലും ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞാന്‍ പറഞ്ഞതല്ല, സര്‍ക്കാര്‍ ഡാറ്റയാണ്.’ ഒവൈസി പറഞ്ഞു. ”എല്ലാ പത്രങ്ങളും മോദി കി ഗ്യാരണ്ടി എഴുതുന്നു. ദലിതുകളോടും മുസ്ലീങ്ങളോടും ഉള്ള വെറുപ്പാണ് മോദി കി ഗ്യാരണ്ടി. എത്രനാള്‍ നിങ്ങള്‍ ഈ വിദ്വേഷം പരത്തുന്നത് തുടരും? ഞങ്ങളുടെ വിശ്വാസവും മതവും വ്യത്യസ്തമാണ്, എന്നാല്‍ ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്.” ഒവൈസി പറഞ്ഞു.

”ഞാന്‍ മോദിയുടെ പ്രസംഗം ടിവിയില്‍ കാണുകയായിരുന്നു. ആളുകള്‍ ആ സംസാരം എന്നെ കാണിച്ചു. ഞാന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ആശ്ചര്യപ്പെടുന്നത് ഇതാണ് മോദിയുടെ യഥാര്‍ത്ഥ മുഖം.” ഒവൈസി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പത്ത് ‘കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്’ വിതരണം ചെയ്യുമെന്ന് രാജസ്ഥാനില്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഈ പരാമര്‍ശം വന്‍ വിവാദത്തിന് വഴിവെച്ചു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ബിജെപിക്ക് നോട്ടീസ് നല്‍കുകയും ചെയ്തത് .

Spread the love

You cannot copy content of this page