അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ ജയിലില്‍ കിടന്നാല്‍ ഡല്‍ഹിയിലെ 70ല്‍ 70 സീറ്റും ആം ആദ്മി പാര്‍ട്ടി നേടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവര്‍ (ഭാര്യ) തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അവര്‍ എന്നെ ജയിലില്‍ അടച്ചാല്‍ ഞാന്‍ അവിടെ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 70ല്‍ 70 സീറ്റും ഞങ്ങള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങള്‍ ഉത്തരം നല്‍കും.’ താങ്കള്‍ ജയിലില്‍ തുടരുകയാണെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഭാര്യ സുനിത മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി കെജ്രിവാള്‍ പറഞ്ഞു. ‘ഞങ്ങളുടെ എല്ലാ എം.എല്‍.എമാരെയും ജയിലിലടക്കുക, വോട്ടെടുപ്പ് ഡല്‍ഹിയില്‍ നടക്കട്ടെ. ജനങ്ങള്‍ വിഡ്ഢികളാണെന്ന് അവര്‍ കരുതുന്നുണ്ടോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദിജിക്ക് ഇതാണ് വേണ്ടത്. ഡല്‍ഹിയില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം, അതിനാല്‍ ഗൂഢാലോചന നടന്നു… ഞാന്‍ രാജിവച്ചാല്‍ അടുത്ത ലക്ഷ്യം ബംഗാളില്‍ മമതാ ബാനര്‍ജിയും, കേരളത്തില്‍ പിണറായി വിജയനും, തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍ എന്നിരാകും അടുത്ത ലക്ഷ്യം. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാനും അവരുടെ സര്‍ക്കാരുകളെ താഴെയിറക്കാനും അവര്‍ (ബിജെപി) ആഗ്രഹിക്കുന്നു. ‘ ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ ആയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാത്തത് എന്ന ചോദ്യത്തിന് ഉത്തരമായി കേജ്രിവാള്‍ പറഞ്ഞു.
താന്‍ അധികാരത്തിനുവേണ്ടി ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ രാജിവെച്ചാല്‍ അത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും എഎപി മേധാവി ഊന്നിപ്പറഞ്ഞു. ‘എനിക്ക് അധികാരത്തോടുള്ള ആര്‍ത്തിയില്ല, ആദായനികുതി കമ്മീഷണര്‍ സ്ഥാനം ഞാന്‍ ഉപേക്ഷിച്ച് ചേരികളില്‍ ജോലി ചെയ്തു. 49 ദിവസത്തിന് ശേഷം (2013 ല്‍) ഞാന്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. എന്നാല്‍ ഞങ്ങളുടെ സമരത്തിന്റെ ഭാഗമാണ് ഇത്തവണ ഞാന്‍ ഇത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാത്തത്.’ അദ്ദേഹം പറഞ്ഞു.