• Tue. Dec 24th, 2024

കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി

ByPathmanaban

Mar 28, 2024

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്രിവാളിനെ ഏപ്രില്‍ ഒന്ന് വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.കെജ്രിവാളിനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇഡി കസ്റ്റഡിയെ കെജ്രിവാളും എതിര്‍ത്തില്ല.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്രിവാള്‍ ഇന്ന് കോടതിയില്‍ പറഞ്ഞു. സിബിഐ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കില്‍ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ നേരിട്ട് കോടതിയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഇഡി അദ്ദേഹത്തെ തടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാണെന്ന് ഇഡി ആരോപിച്ചു. മുഖ്യമന്ത്രി ആയതിനാല്‍ അല്ല അഴിമതി നടത്തിയതിനാലാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

കെജ്രിവാള്‍ ഗ്യാലറിക്ക് വേണ്ടി കളിക്കുന്നു എന്നാണ് ഇഡി ആരോപിച്ചത്. സാക്ഷികളുടെ മൊഴികള്‍ സമ്മര്‍ദത്തെ തുടര്‍ന്നാണോ എന്ന് തെളിയേണ്ടത് വിചാരണയിലാണ്. ഇലക്ട്രല്‍ ബോണ്ട് സംഭാവനയ്ക്ക് ഈ കേസുമായി ബന്ധമില്ല. ആം ആദ്മി പാര്‍ട്ടിക്ക് അഴിമതിപ്പണം ലഭിച്ചു, അത് ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുവെന്നും ഇ ഡി വാദിച്ചു.

Spread the love

You cannot copy content of this page