• Tue. Dec 24th, 2024

‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന്…’; വിവാദ പോസ്റ്റില്‍ നടപടിക്ക് സാധ്യത,ഇന്ന് കമ്മിറ്റി ചേരും

ByPathmanaban

Jun 6, 2024

പത്തനംത്തിട്ട: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി ഉണ്ടായേക്കും. തോമസ് ഐസകിന്‍റെ സ്ഥാനാർഥിത്വം പരിഹസിച്ചുള്ള പോസ്റ്റും തുടർന്നുള്ള വിവാദങ്ങളും ചർച്ച ചെയ്യാൻ ഇന്ന് ഏരിയ കമ്മിറ്റി യോ​ഗം ചേരും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസ് ഫേസ്ബുക്കിലിട്ടത്.

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ പാർട്ടി നിർദ്ദേശ പ്രകാരം അൻസാരി അസീസ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് ,പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇനിയെങ്കിലും യുവത്വത്തിന് അവസരം കൊടുക്കൂ എന്നും പോസ്റ്റിലുണ്ട്. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്.

Spread the love

You cannot copy content of this page