• Tue. Dec 24th, 2024

‘രാഹുല്‍ ചെയ്തത് നീതികേട്’; റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

ByPathmanaban

May 3, 2024

കല്‍പറ്റ: റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. ഇത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് സ്ഥാനാര്‍ഥികളുടെ അവകാശമാണ്. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവയ്‌ക്കേണ്ടിവരും. ഏത് മണ്ഡലത്തില്‍നിന്ന് രാജിവച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തില്‍ മത്സരിക്കുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചര്‍ച്ചകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ മുന്‍പ് തന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കില്‍പോലും ഇത്തരമൊന്ന് ചര്‍ച്ചയിലുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Spread the love

You cannot copy content of this page