• Tue. Dec 24th, 2024

“വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല”; വീണ്ടും പോളിംഗ് ആവശ്യപ്പെടുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

ByPathmanaban

Apr 20, 2024

വോട്ടേഴ്സ് ലിസ്റ്റില്‍ തങ്ങളുടെ പേരുകള്‍ നഷ്ടപ്പെട്ടതായി നിരവധി വോട്ടര്‍മാരില്‍ നിന്ന് പരാതിയുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വെള്ളിയാഴ്ച അവകാശപ്പെട്ടു. ധാരാളം വോട്ടര്‍മാരുടെ പേരുകള്‍ നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 62.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടെ പേരുകള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി സംശയമുണ്ടെന്ന് കോയമ്പത്തൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായ അണ്ണാമലൈ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ചെങ്കിലും തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ രാവിലെ 6.30ന് തന്നെ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു. 190 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയും 1.3 ലക്ഷം പോലീസുകാരെയും തിരഞ്ഞെടുപ്പിനായി തമിഴ്‌നാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, 3,32,233 പോളിംഗ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നു.

6.23 കോടി വോട്ടര്‍മാരാണ് തമിഴ്നാട്ടിലെ 950 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കാന്‍ വോട്ട് ചെയ്യാന്‍ അര്‍ഹത നേടിയത്.

Spread the love

You cannot copy content of this page