• Tue. Dec 24th, 2024

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കും വരെ പോരാടും, പ്രതികരണവുമായി സാക്ഷി മാലിക്

ByPathmanaban

May 11, 2024

ദില്ലി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി ഗുസ്തി താരം സാക്ഷി മാലിക്ക്. നടപടി ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ്. ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെൺകുട്ടികൾ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷൺ സിംഗിനെതിരെ  ദില്ലി റൌസ് അവന്യൂ കോടതി കുറ്റം ചുമത്തിയിരുന്നു. മതിയായ രേഖകളുണ്ടെന്ന് വിലയിരുത്തിയായിരുന്നു നടപടി. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയിൽ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകൾ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

നേരത്തെ  ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.  അതേസമയം, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. 

Spread the love

You cannot copy content of this page