• Tue. Dec 24th, 2024

ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

ByPathmanaban

Apr 9, 2024

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലിപ് എതിര്‍ക്കുന്നുവെന്നും മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും അതിജീവിത പറയുന്നു.

മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്. മെമ്മറി കാര്‍ഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. അന്വേഷണത്തില്‍ തന്റെ ഭാഗം കേട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമെന്നും ഇത് കോടതി അലക്ഷ്യമെന്നും അതിജീവിത ഹര്‍ജിയില്‍ വിമര്‍ശിക്കുന്നുണ്ട്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതില്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസായിരുന്നു അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും, ലഭ്യമാക്കണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.

Spread the love

You cannot copy content of this page