• Tue. Dec 24th, 2024

അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി

ByPathmanaban

Apr 23, 2024

ഡല്‍ഹി: പ്രമേഹം ഉയര്‍ന്നതോടെ അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി. എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന് നല്‍കുന്നത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ശുഭവാര്‍ത്തയെന്നും മന്ത്രി അതിഷി മര്‍ലേന പ്രതികരിച്ചു.

മെഡിക്കല്‍ കുറിപ്പടിയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്തുകൊണ്ടാണ് കെജ്രിവാളിന് നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നില്ലെന്നും സ്പെഷ്യല്‍ കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. എയിംസ് മെഡിക്കല്‍ ബോര്‍ഡിലെ ഡയബറ്റോളജിസ്റ്റുകള്‍ നിര്‍ദ്ദേശിച്ച ഡയറ്റ് പ്ലാന്‍ കര്‍ശനമായി പാലിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രിക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത് തുടരണമെന്നും തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

കുടുംബ ഡോക്ടറുമായി വീഡിയോ കോളിലൂടെ ദിവസവും കൂടിയാലോചന നടത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.രക്തത്തില്‍ അമിതമായ പഞ്ചസാര (ഗ്ലൂക്കോസ്) ഉള്ള ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന രോഗമുള്ളതിനാല്‍ ഇന്‍സുലിന്‍ നല്‍കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തേ പറഞ്ഞിരുന്നു. പിന്നീട് കെജ്രിവാളിന് ഇന്‍സുലിന്‍ ആവശ്യമുണ്ടെന്ന എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിലവില്‍ ഇന്‍സുലിന്‍ നല്‍കിയത്.

പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനായി ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയും ഇക്കാര്യം സ്ഥിരീകരിച്ചു.ഉരുളക്കിഴങ്ങ്, അര്‍ബി മാമ്പഴം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍ വീട്ടില്‍ നിന്നെത്തിച്ച ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കെജ്രിവാളിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു.

Spread the love

You cannot copy content of this page