കൊച്ചി: ബെന്യാമിൻ്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം സിനിമ റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടിട്ടും തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. 100 തീയറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായ സിനിമ. നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഒരേപോലെ കൈവരിക്കാൻ ആടുജീവിതത്തിനു കഴിഞ്ഞു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ മാർച്ച് 28നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. 25 ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു.
എ.ആർ റഹ്മാൻ സംഗീത സംവിധാനമൊരുക്കിയ ആടുജീവിതം പൃഥ്വിരാജിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ആടുജീവിതത്തിൽ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിൻ്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.