കോഴിക്കോട്: വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദര്‍ശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോഗം. വിവാദം ഒഴിവാക്കാന്‍ താമരശ്ശേരി രൂപത നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇന്ന് മുതല്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കെസിവൈഎം തീരുമാനിച്ചിരുന്നു.
‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന, വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല ക്ലാസുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായിരുന്നു താമരശ്ശേരി രൂപതയുടെ തീരുമാനം. തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം നേരത്തെ ആരോപിച്ചിരുന്നു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നുണ്ടെന്നും റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചിരുന്നു. നേരത്തെ ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. പ്രദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും വിഷയം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയവത്കരണത്തിനല്ലെന്നും സഭാമക്കളുടെ ബോധവത്കരണത്തിന് വേണ്ടിയാണെന്നുമാണ് കെസിവൈഎം താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ നേരത്തെ പറഞ്ഞത്. ക്രൈസ്തവര്‍ ചെയ്യുന്നതൊക്കെ സംഘപരിവാറിന് വേണ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘടിത നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.