ഡൽഹി: ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
നോയിഡയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു നാലു പേരും. അർധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ നാലു പേരും റോഡിലേക്ക് വീണിരുന്നു, ഇവരെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും നാലു പേരും രക്തം വാർന്ന് ഗുരുതര അവസ്ഥയിലായിരുന്നു. കാർ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.