പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്. മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേള്‍ക്കുമെന്ന് നോക്കാമെന്നും സുരേന്ദ്രന് പറഞ്ഞു. അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം സ്വര്‍ണമെന്ന് പറഞ്ഞ് ചെമ്പ് കിരീടം നല്കി ദൈവത്തേയും പറ്റിച്ചയാളാണ് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെന്നും മത്സരിക്കാന്‍ എത്തിയപ്പോഴേ തോറ്റുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ താമസിച്ചാലും സുരേഷ് ഗോപി ജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിന്റെ പേര് പറഞ്ഞാണ് മോദി തൃശൂരില്‍ എത്തുന്നത്.
അതുകൊണ്ടൊന്നും കേരളത്തിലെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തൃശൂരില്‍ കരുവന്നൂര്‍ പ്രശ്നം ഉയര്‍ത്തിയിട്ട് ഒരു കാര്യവുമില്ല. അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണ നിലയിലായി. ഇ.ഡിക്ക് ഒപ്പം ഇപ്പോള്‍ ഇന്‍കം ടാക്സും വന്നു. അവരുടെ കൈയ്യില്‍ മോദിയുടെ വാളാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.