തിരുവനന്തപുരം: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകള്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
ഏകദേശം 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സമാഹരിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബഡ്‌സ് നിയമപ്രകാരം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനി ഓണ്‍ലൈന്‍ മണിചെയിന്‍ അടക്കം ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച 12 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശത്തേക്ക് പണം കടത്തുന്നു എന്ന പരാതിയില്‍ ഇഡി റെയ്ഡ് നടത്തിയെങ്കിലും കമ്പനി എംഡി പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയും രക്ഷപെട്ടു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.