ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പൊതുയോഗത്തിനിടെ കടുത്ത ചൂടിനെ തുടര്‍ന്ന് ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഗോരഖ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കാജലിനെ ലഖ്നൗവിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
’കാജലിന്റെ രക്തസമ്മര്‍ദ്ദത്തിനും ഹൃദയത്തിനും ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. അവരെ ലഖ്‌നൌവിലേക്ക് കൊണ്ടുപോകുകയാണ്’, കാജലിന്റെ ഭര്‍ത്താവ് സഞ്ജയ് നിഷാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഞായറാഴ്ച വൈകുന്നേരത്തോടെ കാജലിന്റെ നില വീണ്ടും വഷളായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ഇസിജി പരിശോധനയില്‍ മാറ്റങ്ങള്‍ കണ്ടെത്തി. കാജലിന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് ചികിത്സാ സംഘത്തിലെ അംഗമായ ഡോക്ടര്‍ യാസിര്‍ അഫ്സല്‍ വ്യക്തമാക്കി.
കാജലിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ എസ്പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. കാജല്‍ നിഷാദ് ഒരു ജനപ്രിയ ടിവി താരം കൂടിയാണ്. നടനും സിറ്റിംഗ് എംപിയുമായ രവി കിഷന്‍ ശുക്ലയ്ക്കെതിരെയാണ് ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കാജല്‍ നിഷാദ് മത്സരിക്കുന്നത്.