• Tue. Dec 24th, 2024

‘പ്രണയ ബോധവത്ക്കരണം’; പള്ളികളില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

ByPathmanaban

Apr 8, 2024

തൊടുപുഴ: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ചു. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

നാലാം തീയതിയാണ് സിനിമാ പ്രദര്‍ശനം നടന്നത്. അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് കേരളാ സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്ന് രൂപതാ പ്രതികരിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി കുട്ടികള്‍ പ്രണയകുരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും ഫാ. ജിന്‍സ് കാരക്കാട്ട് വിശദീകരിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നഗ്‌നമായ പെരുമാറ്റ ചട്ടലംഘനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

Spread the love

You cannot copy content of this page