ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിന് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ് താരം കളം വിട്ടിരുന്നു. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബുദ്ധിമുട്ടുകയും പിന്നീട് ഫിസിയോയ്‌ക്കൊപ്പം മായങ്ക് ഗ്രൗണ്ട് വിടുകയും ചെയ്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
മായങ്കിന്റെ കാര്യത്തില്‍ പ്രതികരിച്ച് സഹതാരം ക്രുണാല്‍ പാണ്ഡ്യ രംഗത്തെത്തി. മായങ്കിനോട് താന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്രുണാല്‍ മത്സരശേഷം പറഞ്ഞു. അതേസമയം താരത്തിന്റെ പരിക്കിനെ കുറിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ലഖ്നൗവില്‍ ഗുജറാത്തിന്റെ മറുപടി ബാറ്റിങ്ങില്‍ നാലാം ഓവറിലാണ് മായങ്ക് പന്തെറിയാനെത്തിയത്. തന്റെ പതിവ് വേഗതയില്‍ പന്തെറിയാന്‍ താരത്തിന് കഴിഞ്ഞില്ല. ഓവറില്‍ 140ന് മുകളില്‍ വേഗതയുള്ള രണ്ട് പന്തുകള്‍ മാത്രമാണ് മായങ്കിന് എറിയാനായത്. നാലാം ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത മായങ്കിന് വിക്കറ്റൊന്നും നേടാനായതുമില്ല. പിന്നീട് ലഖ്നൗ ഫിസിയോയ്ക്ക് ഒപ്പം ഗ്രൗണ്ട് വിടുന്ന മായങ്കിനെയാണ് കാണാനായത്.