ഡല്‍ഹി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റെയ്ഡ്. സംഭവത്തില്‍ നവജാത ശിശുക്കളെ കരിഞ്ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നവജാത ശിശുക്കളെ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തി.
കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായുള്ള ശ്രമത്തിലാണെന്ന് സിബിഐ പറഞ്ഞു. ഇത് ഡല്‍ഹി അതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദേശീയ തലസ്ഥാന മേഖലയിലുടനീളം 7-8ഓളം കുട്ടികളെ കടത്താന്‍ ശ്രമിച്ചവരെ സിബിഐ അറസ്റ്റ് ചെയ്തു. നാല് മുതല്‍ അഞ്ച് ലക്ഷം രൂപയ്ക്കാണ് നവജാത ശിശുക്കളെ വില്‍ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും മറ്റ് നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം 10 കുട്ടികളെ വിറ്റതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ അന്വേഷണം ഇപ്പോള്‍ ഒന്നിലധികം സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പല ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയാണ് സിബിഐ.