• Tue. Dec 24th, 2024

എഐ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെട്ടേക്കും; മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്

ByPathmanaban

Apr 6, 2024

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്സഭാ ഇലക്ഷനില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ ചൈന എഐ ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അത്തരം ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മീമുകള്‍ വീഡിയോകള്‍, ഓഡിയോ എന്നിവ ചൈന വ്യാപകമായ രീതിയില്‍ പരീക്ഷിക്കാനിടയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

ജനുവരിയില്‍ തായ് വാനില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈനയുടെ എഐ നിര്‍മിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഒരു വിദേശ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

തായ് വാനെ കുടാതെ മറ്റ് രാജ്യങ്ങളേയും ചൈന ലക്ഷ്യമിടുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും അത്തരം ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. സ്ഥിരം എതിരാളികള്‍ക്കെതിരെയുള്ള അത്തരം നീക്കങ്ങള്‍ ഇരട്ടിപ്പിക്കുക മാത്രമല്ല സങ്കീര്‍ണമായ സാങ്കേതികവിദ്യകളും ലക്ഷ്യം നേടാനായി ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

Spread the love

You cannot copy content of this page