ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി എന്ന ചോദ്യം പലരും സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ബ്ലെസി.
‘നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വര്‍ഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫര്‍ ചെയ്തിരുന്നു. എന്നെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ പോലും അറിയാതെ, ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ പോലും പരസ്പരം ഇത്ര നല്‍കി സഹായിച്ചു എന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം,’ എന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.
ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന നിരവധിപേര്‍ നജീബിന് പണം നല്‍കിയിട്ടുണ്ടെന്ന് എഴുത്തുകാരന്‍ ബെന്യാമിനും പറഞ്ഞു. പണത്തേക്കാള്‍ ഉപരി അദ്ദേഹത്തിന് ഒരു സാമൂഹിക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. നജീബിനെ ഇന്ന് കേരളം ആദരിക്കുന്നു, പലവേദികളും ഉദ്ഘാടനത്തിന് വിളിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ സോഷ്യല്‍ സ്റ്റാറ്റസ് ഉയരുന്ന സന്തോഷ നിമിഷം കൂടിയാണ്. ഒരുകോടി രൂപ തന്നാല്‍ പോലും അത് ലഭിക്കില്ലെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ആടുജീവിതം നിലവില്‍ ആഗോളതലത്തില്‍ 93 കോടിയിലധികം രൂപ നേടി കഴിഞ്ഞു. എട്ട് ദിവസത്തിനുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസങ്ങളില്‍ തന്നെ സിനിമ 100 കോടി എന്ന നേട്ടം കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.