പന്തളം: പണയ സ്വർണം തിരിമറി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ സഹകരണ ബാങ്ക് ജീവനക്കാരൻ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ.. സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദ് ( 30 ) ആണ് മരിച്ചത്.
അച്ചൻകോവിലാറ്റിൽ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിലാണ് മൃതദേഹം കണ്ടത്. അർജുനെ രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആറ്റിൽ മൃതദേഹം കണ്ടത്. പന്തളം സർവീസ് സഹകരണ ബാങ്കിൽ പണയം വച്ച 70 പവൻ സ്വർണം സിപിഎം പ്രവർത്തകൻ കൂടിയായ അർജുൻ പ്രമോദ് മറ്റൊരു ബാങ്കിൽ പണയം വച്ചുവെന്ന് കണ്ടെത്തിയിരുന്നു. വിവരം പുറത്തായതോടെ സ്വർണം തിരികെ എത്തിച്ചെങ്കിലും അർജുനെ സസ്പെൻഡ് ചെയ്തു.
ബാങ്കിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാരനായ അർജുൻ രാത്രിയിൽ സ്വർണം എടുത്തു കൊണ്ടുപോകുന്നത് കണ്ടെത്തിയത്. സിപിഎം നോമിനിയായാണ് അർജുന് ബാങ്കിൽ ജോലി ലഭിച്ചത്. സസ്പെൻഷനിലായിരുന്ന അർജുനെ തിരികെ എടുക്കാൻ നടപടി ഉണ്ടായില്ല. അർജുന്റെ പിതാവ് പ്രമോദ്കുമാർ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
സിപിഎം ജില്ലാ കമ്മറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. പിന്നീട് പരാതിയെ തുടർന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തിയിരുന്നു. ഏറെ രാഷ്ട്രീയ ബന്ധങ്ങൾ ഇപ്പോഴും പ്രമോദ് കുമാറിനുണ്ട്.