ഡല്‍ഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയ കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെയും രാജ്യതാല്പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതായിരുന്നു നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974ലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.
കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതും എന്നാണ് ഇതു സംബന്ധിച്ച വിവരാവകാശ രേഖയെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. ജനങ്ങള്‍ ദേഷ്യത്തിലാണെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും മോദി പറഞ്ഞു. ‘കണ്ണുതുറപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരം! ഒരു വീണ്ടുവിചാരവുമില്ലാതെ കോണ്‍ഗ്രസ് എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന സത്യമാണ് വെളിവായിരിക്കുന്നത്.
ഓരോ ഇന്ത്യക്കാരനും ഇതില്‍ ദേഷ്യമുണ്ട്. ജനങ്ങളുടെ മനസ് അടിവരയിട്ടു പറയുന്നു, നമുക്കൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന്. ഇന്ത്യയുടെ അഖണ്ഡത, സമഗ്രത, താല്പര്യങ്ങള്‍ എന്നിവയെല്ലാം ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കോണ്‍ഗ്രസിന്റെ 75 വര്‍ഷക്കാലത്തെ ഭരണം’ മോദി എക്‌സില്‍ കുറിച്ചു.
തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ള സ്ഥലമാണ് കച്ചത്തീവ്. ഇന്ത്യന്‍ സമുദ്രത്തില്‍ മത്സ്യസമ്പത്ത് കുറയുമ്പോഴാണ് തൊഴിലാളികള്‍ ഇവിടേക്ക് പോകുക. അന്താരാഷ്ട്ര രേഖ മറികടന്നാലേ തൊഴിലാളികള്‍ക്ക് ഇവിടേക്ക് എത്താനാകൂ. ദ്വീപ് തങ്ങളുടെ അധീനതയിലായതിനാല്‍ ശ്രീലങ്കന്‍ സേന ഈ തൊഴിലാളികളെ തടഞ്ഞുവെക്കുന്നത് പതിവാണ്. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.