• Tue. Dec 24th, 2024

വിഷം നല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയത്. വിഷമല്ല, കാരണം ഹൃദയഘാതം; മുക്താര്‍ അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ByPathmanaban

Mar 30, 2024

ലഖ്‌നൗ : യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നേരത്തെ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയതായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയെന്നും റാണി ദുർഗാവതി ആശുപത്രി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലിൽനിന്ന് മുക്താർ അൻസാരിയെ ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണ്ടത്ര ചികിത്സ നൽകിയിരുന്നില്ല എന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. അൻസാരിയുടെ ഇളയമകൻ ഉമർ അൻസാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ശവസംസ്കാരം വൻസുരക്ഷാ സംവിധാനത്തിൽ ഇന്ന് നടക്കും.

അതെ സമയം മുക്താർ അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഡൽഹി എയിംസിൽ പോസ്റ്റുമോർട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ കുടുംബത്തിന്റെ ആവശ്യം നിരസിക്കപ്പെട്ടു. മൗ സദാർ സീറ്റിൽനിന്ന് 5 തവണ എംഎൽഎയായിരുന്ന അൻസാരി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അൻസാരിയുടെ മരണത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്ന് കോൺഗ്രസും എസ്പിയും ബിഎസ്പിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ബിജെപി പൂർണ്ണമായി തള്ളികളഞ്ഞു.

Spread the love

You cannot copy content of this page