• Tue. Dec 24th, 2024

ഹൃദയാഘാതം; തമിഴ്‌നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ByPathmanaban

Mar 30, 2024

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി അദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടനെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. വൈകീട്ടോടെയാകും സംസ്‌കാര ചടങ്ങുകള്‍.

1975ലായിരുന്നു ഡാനിയല്‍ ബാലാജിയുടെ ജനനം. ടി.സി ബാലാജി എന്നാണ് യഥാര്‍ത്ഥ പേര്. തമിഴിന് പുറമേ തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു ബാലാജി. കമല്‍ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. തമിഴ് സീരിയലിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. വില്ലന്‍ കഥാപാത്രത്തെയാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നിവയാണ് ബാലാജി അഭിനയിച്ച മലയാള ചിത്രങ്ങള്‍.

Spread the love

You cannot copy content of this page