• Sat. Dec 21st, 2024

ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ

ByPathmanaban

Mar 29, 2024

ലഖ്നൗ: ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം. അന്‍സാരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 മുതല്‍ യു പി യിലും പഞ്ചാബിലുമായി ജയിലില്‍ കഴിയുകയാണ്. യുപിയിലെ ബന്ദയിലെ ജയിലില്‍ തടവിലിരിക്കെയാണ് അന്ത്യം.

ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായ നിലയിലായിരുന്നു അന്‍സാരിയെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോള്‍ അന്‍സാരിയുടെ മരണം സംഭവിച്ചതായി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ സ്ഥിരീകരിച്ചു. അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ പ്രധാന ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

63 വയസുകാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരില്‍ 61 ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ 15 എണ്ണവും കൊലക്കുറ്റമാണ്. 1990കളിലാണ് അന്‍സാരി ഒരു ഗുണ്ടാതലവനാകുന്നത്. ബിഎസ്പി ടിക്കറ്റിലാണ് ഇദ്ദേഹം രണ്ട് തവണ മത്സരിച്ചിട്ടുള്ളത്. ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ അന്‍സാരി നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Spread the love

You cannot copy content of this page