• Tue. Dec 24th, 2024

ഏഴ്‌ കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയാണ് മകള്‍ക്കെതിരേയുള്ള ഇഡി അന്വേഷണം: എം.എം ഹസന്‍

ByPathmanaban

Mar 28, 2024

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. 2016 ല്‍ അധികാരമേറ്റത് മുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐയേയും ഉപയോഗിച്ച് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സന്‍.

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്നും ഹസ്സന്‍.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്‌നിശുദ്ധി വരുത്തി അതില്‍ നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Spread the love

You cannot copy content of this page